മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് ഗാനം ഒരുങ്ങി ; നാളെ അവതരിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പടനായകനെന്ന് പുകഴ്ത്തി വീണ്ടും ഗാനം ഒരുങ്ങി. സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനയുടെ സുവർണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ഗാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 100 വനിതകൾ ചേർന്ന് നാളെ ആലപിക്കും. ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ പൂവത്തൂർ ചിത്രസേനൻ രചിച്ച ഗാനത്തിന് നിയമവകുപ്പിലെ അസിസ്റ്റൻ്റ് സെക്രട്ടറി വിമൽ സംഗീതം നൽകി.
കാരണഭൂതനെന്ന വിവാദ തിരുവാതിരയ്ക്ക് ശേഷമാണ് വീണ്ടും മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള ഗാനം എത്തിയിരിക്കുന്നത്. പി ഹണിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്കാണ് മുഖ്യമന്ത്രിയുടെ പിന്തുണ. ഈ പിന്തുണ ഉറപ്പിക്കാനാണ് സംഘടനാ നേതൃത്വം ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് മുഖ്യമന്ത്രിയുടെ പടുകൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതും ഇതേ സംഘടനയുടെ ഇതേ ഭരണസമിതിയാണ്. വിവാദമായിട്ടും കട്ടൗട്ട് നീക്കാൻ ആവശ്യപ്പെട്ടിട്ടും സംഘടനാ നേതൃത്വം തയ്യാറായിരുന്നില്ല. ഒടുവിൽ നഗരസഭാ ജീവനക്കാരെത്തിയാണ് ഫ്ലെക്സ് കീറി മുഖ്യമന്ത്രിയുടെ കട്ടൗട്ട് എടുത്തുമാറ്റിയത്.