x
NE WS KE RA LA
Kerala Uncategorized

15 കിലോ മീറ്റർ വനത്തിലൂടെ ഒരു യാത്ര, ഫോണിൽ നോ റേഞ്ച്; ആനയും കടുവയും പുലിയും വാഴുന്ന റോസ്മല കാണാൻ പോകാം.

15 കിലോ മീറ്റർ വനത്തിലൂടെ ഒരു യാത്ര, ഫോണിൽ നോ റേഞ്ച്; ആനയും കടുവയും പുലിയും വാഴുന്ന റോസ്മല കാണാൻ പോകാം.
  • PublishedMarch 4, 2025

ആര്യങ്കാവിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ വനത്തിനുള്ളിലാണ് മനോഹരമായ റോസ്മല സ്ഥിതി ചെയ്യുന്നത്.

ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർ ഇന്ന് നിരവധിയുണ്ട്. അത്തരക്കാർക്ക് ഏറെ ഇഷ്ടമാകാൻ എല്ലാ സാധ്യതകളുമുള്ള സ്ഥലമാണ് കൊല്ലം ജില്ലയിലെ റോസ്മല. ആര്യങ്കാവിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ വനത്തിനുള്ളിലാണ് റോസ്മല സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ അധികം അറിയപ്പെടാത്ത ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണിത്.

ആന, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃ​ഗങ്ങളുടെ വിഹാര കേന്ദ്രമായതിനാൽ തന്നെ റോസ്മലയിലേയ്ക്കുള്ള വളഞ്ഞുപുളഞ്ഞ വനപാതയിലൂടെ അതീവ ശ്രദ്ധയോടെ വേണം സഞ്ചരിക്കാൻ. അമിത വേ​ഗതയിൽ വാഹനം ഓടിക്കുകയോ അനാവശ്യമായി വാഹനം നി‍ർത്തി പുറത്തിറങ്ങി സമയം ചെലവാക്കാനോ പാടില്ല. വന്യമൃ​ഗങ്ങളെ കണ്ടാൽ അവയുടെ അടുത്തേയ്ക്ക് പോകുകയോ വന്യമൃ​ഗങ്ങളെ പ്രകോപിപ്പിക്കുകയോ ചെയ്യരുത്.

അപൂർവയിനം ചിത്രശലഭങ്ങൾ, കൂണുകൾ, തവളകൾ എന്നിവയെ പോകുന്ന വഴികളിൽ കാണാം. കാട്ടരുവികൾ കടന്ന് വേണം മുന്നോട്ട് പോകാൻ. ബൈക്കിലോ കാറിലോ പോകാമെങ്കിലും റോസ്മലയിലെത്താൻ ഒരു ജീപ്പ് വാടകയ്‌ക്കെടുക്കുന്നതാണ് ഏറ്റവും നല്ലത്. റോസ്മല വ്യൂ പോയിന്‍റിന് ഒരു കിലോ മീറ്റര്‍ മുമ്പ് വരെ വാഹനങ്ങള്‍ എത്തും. അവിടെ നിന്ന് നടന്ന് വേണം മുകളിലേയ്ക്ക് കയറാൻ.

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽപ്പെട്ട കുളത്തൂപ്പുഴ പഞ്ചായത്തില്‍ ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായാണ് റോസ്മല സ്ഥിതി ചെയ്യുന്നത്. ഒരു റോസാപ്പൂവിന്റെ ആകൃതിയോട് സാമ്യമുള്ള ഭൂപ്രകൃതിയായതിനാലാകാം ഈ സ്ഥലത്തിന് റോസ്മല എന്ന് പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. ഇവിടെ എസ്റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടീഷ് പ്ളാന്‍ററുടെ ഭാര്യ റോസ്ലിന്‍റെ പേരില്‍ നിന്നാണ് ഇത് റോസ്മല എന്നായതെന്ന് പറയുന്നവരുമുണ്ട്. ഇവിടെ ഒരു പഴയ ഒരു റേഡിയോ സ്റ്റേഷൻ കാണാം. സ്റ്റേഷന്‍റെ ടവറിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല.

Leave a Reply

Your email address will not be published. Required fields are marked *