x
NE WS KE RA LA
Uncategorized

അതിരപ്പള്ളി ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി

അതിരപ്പള്ളി ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി
  • PublishedJanuary 21, 2025

തൃശൂര്‍: ചാലക്കുടി അതിരപ്പള്ളി ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. വന്‍ കൃഷിനാശം . കോടശേരി, പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളില്‍പെട്ട വെട്ടിക്കുഴി, ചായ്പന്‍കുഴി, പീലാര്‍മുഴി, ചൂളക്കടവ് എന്നീ മേഖലകളിലാണ് കാട്ടാനയിറങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോട്ടാമല ഭാഗത്ത് കാട്ടാനകൂട്ടം തമ്പടിച്ചിരിക്കുകയാണ്.

ആനയെ നാട്ടുകാര്‍ പടക്കം പൊട്ടിച്ച് അകറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒറ്റയാന്‍ ജനവാസ മേഖലയിലെത്തിയിരിക്കുന്നത്. ചായ്പന്‍കുഴിയിലെ തട്ടില്‍ റോസയുടെ വീടിൻ്റെ ഗേറ്റ് തള്ളിതുറന്ന് അകത്ത് കയറിയ ആന വാഴകൃഷി നശിപ്പിച്ചു. കൂടാതെ കരിപ്പായി ജോസ്, പീലാര്‍മുഴി തറയില്‍ പുഷ്പാകരന്‍, വെട്ടിക്കുഴി യൂജിന്‍ മോറേലി തുടങ്ങിയവരുടെ കൃഷിയിടത്തില്‍ കയറി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തു. കല്ലുമട സജീവന്റെ റബ്ബര്‍ തോട്ടത്തിലും ആന നാശംവരുത്തി.

നേരത്തെയും കോടശ്ശേരിയിലെ കോര്‍മലയിലും ആനകൂട്ടം നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. വിവരമറിഞ്ഞ് പരിയാരം വനം റെഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ സംഭവ സ്ഥലത്തെത്തുകയും സൈറന്‍ മുഴക്കിയും പടക്കം പൊട്ടിച്ചും ജനവാസ മേഖലയില്‍ നിന്നും ആനയെ ഓടിച്ചുവിടുന്ന ശ്രമം നടത്തുകയാണ് . രാത്രിയിലും വനംവകുപ്പ് നിരീക്ഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *