ലിഫ്റ്റ് പൊട്ടിവീണ് ധാന്യപ്പൊടി മില്ലിലെ ജീവനക്കാരന് ദാരുണാന്ത്യം.

മലപ്പുറം: അരിച്ചാക്ക് കയറ്റുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ധാന്യപ്പൊടി മില്ലിലെ ജീവനക്കാരന് ദാരുണാന്ത്യം. മലപ്പുറം ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടിൽ അഷ്‌റഫിന്റെ മകൻ അജ്‌നാസ് (23) ആണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഹാജിയാർപ്പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന മില്ലിലെ ലിഫ്റ്റാണ് പൊട്ടിവീന്നിരിക്കുന്ന’ത്. ലിഫ്റ്റിന്റെ ഇരുമ്പുകയർ പൊട്ടി, അരിച്ചാക്കോടെ ലിഫ്റ്റ് അജ്‌നാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
പത്ത് മീറ്ററോളം ഉയരത്തിൽനിന്ന് രണ്ട് ചാക്ക് അരിയടക്കമാണ് വീണത്. പരിക്കേറ്റ അജി്‌നാസിനെ ഉടൻ തന്നെ മലപ്പുറത്തെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു . വ്യാഴാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വൈകീട്ട് വലിയങ്ങാടി ജുമാ മസ്ജിദ് കബറിസ്താനിൽ കബറടക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മലപ്പുറം പൊലീസ് കേസെടുത്തു. മാതാവ്: റസിയ. സഹോദരങ്ങൾ: അംജത യാസ്മിൻ, അംന. നിശ്ചിത ഇടവേളകളിൽ പരിശോധനയും അറ്റകുറ്റപ്പണികളും നടത്തിയില്ലെങ്കിൽ ലിഫ്റ്റ് അപകടം വിളിച്ചുവരുത്തുമെന്ന് അഗ്‌നി രക്ഷാസേന മുന്നറിയിപ്പു നൽകി.