കോഴിക്കോട്: തിരുവമ്പാടിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാൻ മറ്റൊരു സ്നേഹിതനോടൊപ്പം ആശുപത്രിയിലെത്തിയ അബിൻ ബിനു വൈദ്യുതാഘാതമേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിയുടെപേരില്‍ പോലീസ് കേസെടുത്തു.അബിന്റെ ബന്ധു അനീഷ്‌മോൻ ആന്റണിയുടെ പരാതിപ്രകാരമാണ് കേസെടുത്തത്. ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടർമാരുടെയും ശാസ്ത്രീയവിദഗ്ധന്മാരുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ പരിശോധന നടത്തിയതായും വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചതായും തിരുവമ്ബാടി എസ്.ഐ. വി.കെ. റസാഖ് പറഞ്ഞു. തുടരന്വേഷണം നടത്തിയ ശേഷമേ പ്രതിപ്പട്ടിക തയ്യാറാക്കാൻ കഴിയൂ.
തിരുവമ്ബാടി ചവലപ്പാറ പുതിയകുന്നേല്‍ ബിനു-രാജി ദമ്ബതിമാരുടെ മകനായ അബിൻ ബിനു കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൂടരഞ്ഞി കരിങ്കുറ്റിയിലെ സെയ്ന്റ് ജോസഫ്സ് ആശുപത്രി കാന്റീനിനു സമീപം വൈദ്യുതാഘാതമേറ്റ് മരിച്ചത്. ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതര സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി അബിന്റെ പിതാവ് ബിനു താമരശ്ശേരി ഡി. വൈ.എസ്.പി.ക്കും പരാതി നല്‍കിയിട്ടുണ്ട്. വൈദ്യുതാഘാതമേറ്റ മകന് വിദഗ്ധചികിത്സ ലഭ്യമാക്കാനോ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യാനോ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.