തിരച്ചിലില്‍ വഴിത്തിരിവ്; ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹസാന്നിധ്യമെന്ന് സൂചന
അങ്കോല(കര്‍ണാടക): ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ വഴിത്തിരിവെന്ന് സൂചന. ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. നേരത്തെ അര്‍ജുന്റെ മൊബൈല്‍സിഗ്‌നല്‍ ലഭിച്ച അതേഭാഗത്താണ് ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് കൂടുതല്‍ ആഴത്തില്‍ തിരച്ചില്‍ നടത്തിവരികയാണ്.
കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്ടുനിന്നടക്കം ഒട്ടേറെ സന്നദ്ധപ്രവര്‍ത്തകരാണ് അര്‍ജുനായുള്ള തിരച്ചിലിനായി അങ്കോലയിലെ ദുരന്തഭൂമിയിലെത്തിയിരിക്കുന്നത്.
മണ്ണിടിച്ചിലുണ്ടായി ഒരാഴ്ചയായിട്ടും അര്‍ജുന്റെ ലോറിയോ അര്‍ജുനെയോ കണ്ടെത്താനാകാത്ത അനിശ്ചിതത്വത്തിന് ഇന്നത്തെ തിരച്ചിലോടെ പരിസമാപ്തിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രിയപ്പെട്ടവര്‍. ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിയിരുന്നു.