കൊച്ചേട്ടനെന്ന ജൈവമനുഷ്യന്‍

പരിചയക്കാരും സ്നേഹിതരുമൊക്കെ കൊച്ചേട്ടന്‍ എന്ന് വിളിച്ചിരുന്ന ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ കെ കൊച്ച് അന്തരിച്ചതോടെ കേരളം കണ്ട നൈര്‍മല്യമുള്ള ചിന്തകരില്‍ ഒരാളെക്കൂടിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ദലിത് ചിന്തകന്‍ എന്ന കളത്തില്‍ മാത്രമൊതുങ്ങാതെ കേരളത്തിലെ വലിയൊരു വിഭാഗം അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ചിന്തിക്കുകയും ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പോരാളി കൂടിയായിരുന്നു അദ്ദേഹം. കാലാകാലങ്ങളായി അവഗണിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിനും ബൗദ്ധിക ശാക്തീകരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച് പോരാടിയ സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു. അര്‍ബുദ ബാധിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പാലിയേറ്റീവ് ചികിത്സയിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
നിരവധി സമരമുഖങ്ങളില്‍, ചര്‍ച്ചകളില്‍, സെമിനാറുകളില്‍ ശാന്തരൂപിയായി അദ്ദേഹം കടന്നുവരികയും തന്റെ ചിന്തകളും വിശകലനങ്ങളും ശക്തമായ അവതരിപ്പിക്കകുയും ചെയ്തിരുന്നു. കേരളത്തിലെ അധ്വാനിക്കുന്ന ജനതയുടെ ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്തു. അതേസമയം തെളിഞ്ഞ ചിന്തപോലെ തന്നെ ലളിതജീവിതത്തിലൂടെ സാധാരണക്കാരുടെ പോലും സ്നേഹാദരവുകള്‍ നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ദലിത്ആദിവാസി അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പോരാട്ടങ്ങളില്‍ ഇടപെട്ടു. കേരളത്തിലെ ദലിത് രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് സൈദ്ധാന്തിക വ്യക്തതത വരുത്തുന്നതിലും ദലിത് പോരാട്ടങ്ങള്‍ക്ക് രാഷ്ട്രീയമായ ഉള്‍ക്കാഴ്ച നല്‍കുന്നതിലും മുഖ്യപങ്കുവഹിച്ചു.
ബൗദ്ധികസൈദ്ധാന്തികസാംസ്‌കാരിക മേഖലകളില്‍ താന്‍ ഉള്‍പ്പെടുന്ന ജനവിഭാഗത്തിനുവേണ്ടി നിരന്തരം അദ്ദേഹം ശബ്ദമുയര്‍ത്തി. ആദ്യകാലത്ത് തെരുവിലും ആള്‍ക്കൂട്ടങ്ങളിലും പൊതുവേദികളിലും നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന അതേ മൂര്‍ച്ചയോടെ പുതിയ കാലത്ത് സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമായി ഇടപെടുകയും ധാരാളം ആളുകളുമായി സംവദിക്കുകയും ചെയ്തു. ജനകീയ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന ഇടങ്ങളിലും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ അവഗണിക്കപ്പെടുന്ന മേഖലകളിലും അദ്ദേഹം ശക്തമായ ഭാഷയില്‍ ഇടപെടുകയും സമരമുഖങ്ങള്‍ തുറക്കുകയും ചെയ്തു. സൈദ്ധാന്തിക തര്‍ക്കങ്ങള്‍ക്ക് അപ്പുറത്ത് വേദനയും അവഗണനയും നേരിടുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതങ്ങളെ അദ്ദേഹം തന്റെ ചിന്തയിലൂടെയും എഴുത്തിലൂടെയും പൊതുസമൂഹത്തിന് മുന്നിലെത്തിക്കാനും അദ്ദേഹം നിരന്തരമായി ശ്രമങ്ങള്‍ നടത്തി. മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും ആര്‍ദ്രതയുടെയും ഇടപെടലും ഭാഷയും കൊണ്ട് അദ്ദേഹം തന്റെ നിലപാടുകളെ കരുത്തുറ്റതാക്കിയെന്നതാണ് കെ കെ കൊച്ച് എന്ന ചിന്തകന്റെയും എഴുത്തുകാരന്റെയും പ്രസക്തി.
1949 ഫെബ്രുവരി രണ്ടാം തീയതി കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. കല്ലറ എന്‍എസ്എസ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം, എറണാകുളം മഹാരാജാസ് കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടതിനാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. വിദ്യാര്‍ത്ഥി ജീവിതകാലത്ത് തന്നെ ജയില്‍വാസം അനുഷ്ഠിച്ചു. 1971ല്‍ മാതൃഭൂമി മാസിക നടത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള നാടകരചനാമത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. അടിയന്തരാവസ്ഥാക്കാലത്ത് ആറുമാസത്തോളം ഒളിവില്‍ കഴിഞ്ഞു. പിന്നീട് കമ്മ്യൂണിസ്റ്റ് യുവജന ഫോറം, പീപ്പിള്‍സ് വര്‍ക്കേഴ്സ് യൂണിയന്‍, ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചു. 1977ല്‍ കെഎസ്ആര്‍ടിസിയില്‍ ജോലിയില്‍ ചേര്‍ന്നു. 2001ല്‍ സീനിയര്‍ അസിസ്റ്റന്റായി വിരമിച്ചു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കി. സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. മുഖ്യധാരാ ഇടതുപക്ഷരാഷ്ട്രീയത്തില്‍ നിന്നുമാണ് ദലിത്കീഴാള രാഷ്ട്രീയ ബോധ്യങ്ങളിലേക്കും സജീവമായ ഇടപെടലുകളിലേക്കും അദ്ദേഹം എത്തിപ്പെടുന്നത്. സാഹിത്യം, ചരിത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഭാഷാശാസ്ത്രം എന്നിങ്ങനെയുള്ള വ്യത്യസ്ത മേഖലകളില്‍ അഗാധമായ അറിവുള്ള ആളായിരുന്നു. ദലിത് വീക്ഷണകോണിലൂടെ സ്ത്രീ, ന്യൂനപക്ഷങ്ങള്‍, സിനിമ, കല തുടങ്ങിയ പൊതുവിഷയങ്ങളെയും സമീപിക്കുകയും വേറിട്ട നിലപാടുകള്‍ മുന്നോട്ടുവെക്കുകയും ചെയ്തു.
ദലിത് സ്വത്വബോധത്തിന്റെ ശാക്തീകരണത്തിനായി നടത്തിയ സന്ധിയില്ലാ സമരങ്ങളുടെ ചരിത്രമായ ‘ദലിതന്‍’ എന്ന ആത്മകഥ ഏറെ ശ്രദ്ധേയമായി. ആത്മകഥയിലൂടെ അദ്ദേഹം സ്വന്തം അനുഭവങ്ങളും സമൂഹത്തിലെ അസമത്വങ്ങളും വിമര്‍ശനാത്മകമായി പ്രതിഫലിപ്പിച്ചു. 2021ല്‍ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, കേരള ചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, കലാപവും സംസ്‌കാരവും, മൂലധനത്തിന്റെ ജനാധിപത്യവല്‍ക്കരണവും കെ റെയിലും തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ജീവിതത്തിലൊരിക്കലും ഒരു ജാതി സംഘടനയോടും വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളോടും സന്ധിചെയ്യാതെ ജീവിക്കുകയും തനിക്ക് ബോധ്യമുള്ള സത്യങ്ങള്‍ തുറന്നുപറയുകയും ചെയ്തു.
ബുദ്ധിജീവികളെക്കൊണ്ട് എന്തുപ്രയോജനം എന്ന ചോദ്യം വഴിമാറിപ്പോകുക എം കുഞ്ഞാമനെയും കെ കെ കൊച്ചിനെയും പോലെയുള്ള സത്യസന്ധരായ ചിന്തകരുടെ മുന്നില്‍ മാത്രമായിരിക്കും. സാമൂഹിക പരിഷ്‌കര്‍ത്താക്കളെന്നും ബുദ്ധിജീവികളെന്നും വിപ്ലവസിംഹങ്ങളെന്നും സ്ത്രീപക്ഷവാദികളെന്നും ദലിത് സ്നേഹികളെന്നും മേനിനടച്ചിരുന്ന പലരുടെയും പുറംപൂച്ചുകളും അഭിനയങ്ങളും തട്ടിപ്പുകളും അതിക്രമങ്ങളും മറനീക്കി പുറത്തുവരുന്നത് പലപ്പോഴും കേരളീയ സമൂഹത്തിന് കാണാനായിട്ടുണ്ട്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നിയിരിക്കണമെന്ന ചിന്തപോലും ബുദ്ധിജീവികള്‍ക്ക് അന്യമായ കാലത്ത് കെ കെ കൊച്ചിനെപ്പോലെയുള്ളവര്‍ തികച്ചും വ്യത്യസ്തരായിരുന്നു. മണ്ണില്‍ കാലുറപ്പിച്ചുകൊണ്ട് നില്‍ക്കുകയും സഹജീവികള്‍ക്കായി ചിന്തിക്കുകയും ഇടപെടുകയും പോരാടുകയും ചെയ്തിരുന്ന യഥാര്‍ത്ഥ മനുഷ്യരുടെ നിരയില്‍ തലയെടുപ്പോടെ നിലകൊണ്ടവരില്‍ ഒരാളായിരുന്നു കെ കെ കൊച്ച്. ചിന്തകള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന മുഖഭാവങ്ങള്‍ക്കുള്ളിലും സൗമ്യതയും ആര്‍ദ്രതയും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന് വിവിധ തലമുറകളില്‍പ്പെട്ടവരുടെ അനുസ്മരണക്കുറിപ്പുകള്‍ തന്നെ സാക്ഷ്യങ്ങളാണ്.