മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

മലപ്പുറം: തേൾ പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾ പാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി പെട്ടിരിക്കുന്നത്. ജനവാസ മേഖലയിൽ ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് വനം വകുപ്പ് കരടിയെ പിടിക്കാൻ കൂട് സ്ഥാപിച്ചത്. പിടികൂടിയ കരടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വനംമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത തല യോഗം ചേരും. വനംവകുപ്പ് ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത് . സംസ്ഥാനത്ത് ഇന്നലെ മാത്രം മൂന്ന് പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വനമേഖലകളിൽ പട്രോളിംഗ് ശക്തിപ്പെടുത്താനാണ് നീക്കം. ഒപ്പം, തദ്ദേശീയരായ നാട്ടുകാരും യുവാക്കളും അടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രൈമറി റെസ്‌പോന്‍സ് ടീമിനെയും പട്രോളിംഗിന് ഉപയോഗിക്കും.