ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി; 8 പേര്‍ അറസ്റ്റില്‍
ഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ്‌ഐഎസ് ഭീകരസംഘത്തെ തകര്‍ത്ത് ഡല്‍ഹി പൊലീസ്. സംഭവത്തിൽ ഐഎസ്‌ഐഎസ് ഭീകരന്‍ ഡാനിഷ് ആഷര്‍ അടക്കം എട്ട് പേര്‍ അറസ്റ്റില്‍. ഭീകരരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ് .
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ആണ് എട്ട് ഭീകരവാദികൾ പിടിയിലായത്.
ഝാര്‍ഖണ്ഡിലെ ബോക്കാറോ നിവാസിയായ ഭീകരന്‍ ഡാനിഷ് ആഷറിനെ റാഞ്ചിയില്‍ നിന്നും, ജാര്‍ഖണ്ഡ് പൊലീസ് ഭീകര വിരുദ്ധ സംഘത്തിന്റെ സഹായത്തോടെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്ലാം നഗറിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഡല്‍ഹിയില്‍ നിന്നു ഭീകര ബന്ധമുള്ള ആഫ്താബ് എന്നയാളും അറസ്റ്റിലായി. ഇയാള്‍ മഹാരാഷ്ട്ര സ്വദേശിയാണ്. ഇരുവരുമാണ് ആക്രമണപദ്ധതിയുടെ ആസൂത്രണത്തിനു നേതൃത്വം നല്‍കിയത് എന്നാണ് ലഭിച്ച വിവരം. വിദേശത്ത് നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. രണ്ട് സംസ്ഥാനങ്ങളിലായി ഭീകരരെ വിശദമായി ചോദ്യം ചെയ്തു വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി .