x
NE WS KE RA LA
Technology

വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 85 ലക്ഷം കമ്പ്യൂട്ടറുകള്‍ തകരാറില്‍; കൗഡ്സ് ട്രൈക്കിന്റെ പാളിയ അപ്ഡേറ്റ്

വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 85 ലക്ഷം കമ്പ്യൂട്ടറുകള്‍ തകരാറില്‍; കൗഡ്സ് ട്രൈക്കിന്റെ പാളിയ അപ്ഡേറ്റ്
  • PublishedJuly 23, 2024

സൈബര്‍ സുരക്ഷാ സോഫ്റ്റ്വെയര്‍ ദാതാക്കളായ ക്രൗഡ്സ് ട്രൈക്കിന്റെ പാളിയ അപ്ഡേറ്റിന് പിന്നാലെ മൈക്രോ സോഫ്റ്റ് വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 85 ലക്ഷം കമ്പ്യൂട്ടറുകള്‍ തകരാറിലായിരുന്നു. ഇത് ലോക വ്യാപകമായി ഏറ്റവും കൂടുതല്‍ ബാധിച്ചത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെയും വ്യോമയാന സര്‍വീസുകളെയുമായിരുന്നു. ക്രൗഡ്സ്‌ട്രൈക്ക് അപ്ഡേറ്റിലെ പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെട്ട് ലോകത്തെ ഒട്ടുമിക്ക വിമാന കമ്ബനികളും സര്‍വീസ് പുനരാരംഭിച്ചെങ്കിലും ഒരു വിമാന കമ്ബനിയുടെ പ്രവര്‍ത്തനം ഉടനെയൊന്നും സാധാരണഗതിയിലാവില്ല എന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ വിമാന കമ്ബനിയായ ഡെല്‍റ്റ എയര്‍ലൈന്‍സാണ് ഇപ്പോഴും വിന്‍ഡോസ് ഒഎസിലെ പ്രശ്നങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയില്‍ തുടരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ക്രൗഡ്സ്‌ട്രൈക്ക് അപ്ഡേറ്റിലുണ്ടായ പ്രശ്നത്തില്‍ തുടര്‍ച്ചയായ നാലാം ദിനവും വലയുകയാണ് ഡെല്‍റ്റ എയര്‍ലൈന്‍സ്. വിമാന സര്‍വീസുകള്‍ പഴയപടിയാവാന്‍ ഇനിയും ദിവസങ്ങളെടുക്കും എന്നാണ് ഡെല്‍റ്റ എയര്‍ലൈന്‍സ് സിഇഒ പറയുന്നത്. വെള്ളിയാഴ്ചയ്ക്ക് ശേഷം 5,500ലേറെ വിമാന സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. തിങ്കളാഴ്ച 700 സര്‍വീസുകളെങ്കിലും ഉപേക്ഷിച്ചു. ആഗോളതലത്തില്‍ തിങ്കളാഴ്ച സര്‍വീസ് ഒഴിവാക്കിയ വിമാനങ്ങളില്‍ മൂന്നില്‍ രണ്ടും ഡെല്‍റ്റ എയര്‍ലൈന്‍സിന്റെയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലാണ് ഡെല്‍റ്റയുടെ സര്‍വീസുകള്‍ കൂടുതലും മുടങ്ങിയത്. വിമാന സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ താമസം ഉള്‍പ്പടെയുള്ളവയില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി നൂറുകണക്കിന് പരാതികള്‍ക്ക് ഇത് വഴിവെച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൗഡ്‌സ്‌ട്രൈക്കിന്റെ പ്രശ്നബാധിത അപ്‌ഡേറ്റ് കാരണം 85 ലക്ഷം വിന്‍ഡോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായത്. ലോകത്തിലെ എറ്റവും കൂടുതല്‍ കമ്ബ്യൂട്ടറുകളെ ബാധിച്ച സാങ്കേതിക പ്രശ്‌നമായി ഇത്. വ്യോമയാനം, ബാങ്കിംഗ്, ഐടി, ആരോഗ്യം തുടങ്ങി അനവധി സുപ്രധാന മേഖലകളുടെ പ്രവര്‍ത്തനം ഇതോടെ നിലയ്ക്കുന്ന സാഹചര്യമുണ്ടായി. വിമാനങ്ങളുടെ സര്‍വീസ് മുടങ്ങിയതിന് പുറമെ ചെക്ക്-ഇന്‍ വൈകുകയും ടിക്കറ്റ് ബുക്കിംഗ് സാധ്യമാകാതെ വരികയും ചെയ്തിരുന്നു. അമേരിക്കയിലാണ് വിന്‍ഡോസ് ഒഎസിലെ പ്രശ്നം വ്യോമയാന രംഗത്ത് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിച്ചത്. ഡെല്‍റ്റ എയര്‍ലൈന്‍സിന് പുറമെ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 1,500ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *