71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍; റാണി മുഖര്‍ജിയും വിക്രാന്ത് മാസിയും സാധ്യത പട്ടികയില്‍.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ കലാ-സാങ്കേതിക മികവിന് നല്‍കുന്ന അവാര്‍ഡുകളാണ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍. എല്ലാ വര്‍ഷവും സര്‍ക്കാര്‍ നിയമിക്കുന്ന ഒരു ദേശീയ പാനലാണ് വിജയിയെ തീരുമാനിക്കുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മികച്ച നടിക്കും മികച്ച നടനുമുള്ള അവാര്‍ഡുകള്‍ക്ക് റാണി മുഖര്‍ജിയും വിക്രാന്ത് മാസിയും ശക്തമായ സാധ്യതയുള്ളവരാണ്. രണ്ട് അഭിനേതാക്കള്‍ക്കും ഇതിനോടകം തന്നെ മറ്റ് പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് കൂടി ലഭിക്കുകയാണെങ്കില്‍ അത് അവരുടെ അഭിനയ ജീവിതത്തിലെ വലിയ അംഗീകാരമായി മാറുമെന്ന് ആരാധകരും പറയുന്നു.
‘മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖര്‍ജിയെ മികച്ച നടിക്കുള്ള അവാര്‍ഡിന് പരിഗണിക്കുന്നത്. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഇതിനോടകം ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ റാണിയെ തേടിയെത്തിയിരുന്നു. ’12വേ ഫെയില്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കുന്നത്. ഈ ചിത്രവും വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. വിക്രാന്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ പല പുരസ്‌കാരങ്ങളും മാസിക്ക് ലഭിച്ചിട്ടുണ്ട്.
2023ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനായുള്ള എന്‍ട്രികള്‍ 2024 സെപ്റ്റംബര്‍ 18 വരെ സ്വീകരിച്ചിരുന്നു. 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപന തിയതിയും വിതരണ തിയതിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും മുന്‍ വര്‍ഷങ്ങളിലെ പതിവ് അനുസരിച്ച് 2025 ആഗസ്റ്റിലോ ഒക്ടോബറിലോ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 70-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ 2024 ഓഗസ്റ്റ് 16നാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ എട്ടിന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു അവാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു.