ഡ്രൈ ഡേ മറവിൽ മദ്യക്കടത്ത്; 56 -കാരൻ അറസ്റ്റിൽ
ചേർത്തല: ഡ്രൈ ഡേ പ്രമാണിച്ച് അനധികൃതമായി മദ്യം ശേഖരിച്ച് വിൽക്കാൻ ശ്രമിച്ച ചേർത്തല സ്വദേശി എക്‌സൈസിന്റെ പിടിയിൽ. ചേർത്തല കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ നന്ദകുമാർ (56) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളിൽ നിന്ന് നൂറ് കുപ്പി അനധികൃത മദ്യമാണ് പിടിച്ചെടുത്തത്.
ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി പി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഡ്രൈ ഡേ ദിവസങ്ങളിൽ മദ്യം കൂടുതൽ വിലയ്ക്ക് വിൽക്കുന്നതിനായി നന്ദകുമാർ മദ്യം ശേഖരിച്ചിരുന്നതായി എക്‌സൈസ് പറയുന്നു. ആഴ്ചകളായി എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതിയെ, വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.