നഗരസഭയുടെ മാലിന്യവണ്ടി മാലിന്യം തട്ടി, 45കാരന് ദാരുണാന്ത്യം

യുപി: ബറേലി മുനിസിപ്പൽ കോർപ്പറേഷൻ തൊഴിലാളികൾ ട്രോളിയിൽ നിന്ന് മാലിന്യക്കൂമ്പാരം തള്ളിയതിനെ തുടർന്ന് റോഡരികിലെ മരച്ചുവട്ടിൽ ഉറങ്ങിക്കിടന്ന 45കാരൻ മരിച്ചു. പച്ചക്കറി വിൽപ്പനക്കാരനായ സുനിൽ കുമാർ പ്രജാപതിയാണ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചത്. ബറേലി നഗരത്തിലെ ബരാദാരി പ്രദേശത്താണ് സംഭവം ഉണ്ടായത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് സർക്കിൾ ഓഫീസർ പങ്കജ് ശ്രീവാസ്തവ വ്യക്തമാക്കി .
ശുചിത്വ കരാറുകാരനായ നയീം ശാസ്ത്രിക്കെതിരെ ബരാദാരിയിലെ ലോക്കൽ പോലീസ് സ്റ്റേഷനിൽ ബിഎൻഎസ് സെക്ഷൻ 106 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച എന്റെ മകൻ മരത്തിനടിയിൽ ഉറങ്ങുകയായിരുന്നു. അപ്പോൾ മുനിസിപ്പൽ കോർപ്പറേഷന്റെ ട്രോളി മനഃപൂർവ്വം അവന്റെ മേൽ മാലിന്യം തള്ളി. മുനിസിപ്പൽ ജീവനക്കാർ പരിശോധിക്കാതെ പോയി. ആ സ്ഥലം ചെളിയോ മാലിന്യമോ നിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്നില്ലെന്നും സുനിലിന്റെ പിതാവ് ഗിർവർ സിംഗ് പ്രജാപതി പരാതിയിൽ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അശ്രദ്ധമൂലമാണോ അതോ പച്ചക്കറി വിൽപ്പനക്കാരന്റെ മേൽ ആരെങ്കിലും മനഃപൂർവ്വം മണ്ണിട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ശ്രമിക്കുകയാണെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.