ദില്ലിയിൽ 4 നിലക്കെട്ടിടം തകർന്നുവീണു

ദില്ലി: ദില്ലിയിലെ ബുരാരിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണു. ബുരാരിയിലെ ഓസ്‌കാർ പബ്ലിക്ക് സ്കൂളിനുസമീപം തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. നിരവധിപ്പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചനകൾ പറയുന്നത്. സംഭവത്തിൽ 12 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
14 ഉം ആറും വയസ്സുള്ള രണ്ട് പെൺകുട്ടികളെയടക്കം 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി ഫയർ സർവീസസ് മേധാവി അതുൽ ഗാർഗ് വ്യക്തമാക്കി. പഴയ ഫ്ലാറ്റ് സമുച്ചയമാണ് തകർന്നതെന്നാണ് വിവരം. അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും പ്രദേശാവാസികളും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. കെട്ടിടത്തിന്റെ ബലക്ഷയമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം.
കെട്ടിടം തകർന്നുണ്ടായ അപകടം ദാരുണമായ സംഭവമാണെന്നും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ പാർട്ടിയുടെ പ്രാദേശിക എംഎൽഎയോടും പ്രവർത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികൾക്ക് സാധ്യമായ എല്ലാ വിധ സഹായവും ഉറപ്പുവരുത്തുമെന്നും ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.