29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള; കിഷ്‌കിന്ധാകാണ്ഡം ഇന്ന് പ്രദര്‍ശനത്തിന്
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് 67 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എം. മോഹന്‍ സംവിധാനം ചെയ്ത ‘രചന’, ഉത്പലേന്ദു ചക്രബര്‍ത്തി സംവിധാനം ചെയ്ത ‘ചോഘ്’, സെന്റണിയല്‍ ട്രിബ്യൂട്ട് വിഭാഗത്തില്‍ പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത ‘മൂലധനം’ എന്നിവയാണ് ഇന്നത്തെ ശ്രദ്ധേയ ചിത്രങ്ങള്‍.
വിജയരാഘവന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ന്യൂ തിയറ്ററിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. പെരുമാള്‍ മുരുകന്റെ ചെറുകഥയെ ആധാരമാക്കി വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത അങ്കമ്മാള്‍ വൈകീട്ട് ആറിന് കൈരളി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും. നോറ മാര്‍ട്ടിറോഷ്യന്‍ സംവിധാനം ചെയ്ത ഷുഡ് ദി വിന്‍ഡ് ഡ്രോപ്പ്, കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 9:30ന് നിള തിയറ്ററിലാണ് പ്രദര്‍ശനം നടക്കുന്നത്. ജാക്ക് ഓര്‍ഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസിന്റെ പ്രദര്‍ശനം വൈകിട്ട് ആറിന് അജന്ത തിയറ്ററിലും നടക്കും.