തലയോലപ്പറമ്പ് : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി തലയോലപ്പറമ്പ് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച 22കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി വിനീഷ് (22) നെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം വീട്ടിലെത്തി കഴിഞ്ഞ ജനുവരി മുതൽ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയതിന് ശേഷമാണ് പ്രതി വീട്ടിലെത്തിയിരുന്നത്. മൂന്നുനാലു മാസങ്ങൾക്കു മുമ്പ് സംശയാസ്പദ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീടിന് പരിസരത്ത് വച്ച് കണ്ട ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചെങ്കിലും പരാതി ലഭിക്കാത്തതിനാൽ നടപടിയെടുക്കാൻ പൊലീസിന് കഴിഞ്ഞില്ല. എന്നാൽ പീഡന വിവരം പുറത്ത് പറയുമെന്നും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി ശാരീരിക പീഡനം തുടരുകയുമായിരുന്നു.
നിരന്തര പീഡനത്തെയും ഭീഷണിയെയും തുടർന്ന് പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.