ട്രെയിനിന് മുകളിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു

കൊൽക്കത്ത: സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത റെയിൽവെ കോച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു. ഈസ്റ്റ് ബർദ്‍വാനിലെ ഖാജിഗ്രാം സ്വദേശിയായ ഇബ്രാഹിം ചൗധരി ആണ് മരിച്ചത്. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്‍വാൻ ജില്ലയിലെ ജ്ഞാൻദാസ് കൻദ്ര റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റാണ് അപകടം ഉണ്ടായത്.
സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് റെയിൽവെ കോച്ചിന് മുകളിൽ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ, തലയ്ക്ക് മുകളിലൂടെയുള്ള വൈദ്യുത വൈദ്യുതി ലൈൻ കുട്ടി ശ്രദ്ധിച്ചില്ല. ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ ഉടൻ കോച്ചിന്റെ മേൽക്കൂരയിൽ തന്നെ ബോധരഹിതനായി വീഴുകയും. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്ന നിലയിലാണ് പരിസരത്തുണ്ടായിരുന്നവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങി.