x
NE WS KE RA LA
Kerala

യുഡിഎഫ് നിയന്ത്രണത്തിലുള്ള ചെറുകാവ് സഹകരണ ബാങ്കിൽ 11.5 കോടിയുടെ വെട്ടിപ്പ്

യുഡിഎഫ് നിയന്ത്രണത്തിലുള്ള ചെറുകാവ് സഹകരണ ബാങ്കിൽ 11.5 കോടിയുടെ വെട്ടിപ്പ്
  • PublishedApril 5, 2025

മലപ്പുറം: യുഡിഎഫ് നിയന്ത്രണത്തിലുള്ള ചെറുകാവ് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിൽ 11.5 കോടി രൂപയുടെ വെട്ടിപ്പ്. നി​ക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ബാങ്ക് സെക്രട്ടറി പണയസ്വര്‍ണം ഉള്‍പ്പെടെ തട്ടിയെടുത്തതായി കണ്ടെത്തിയത്. ഇതോടെ സെക്രട്ടറി സിയാംകണ്ടം സ്വദേശി പി വി ആസിഫിനെ സഹകരണ ജില്ലാ രജിസ്ട്രാർ സസ്‌പെന്‍ഡ്ചെയ്തു. സഹകരണ അസി. രജിസ്ട്രാര്‍ കൊണ്ടോട്ടി പൊലീസിൽ പരാതിയും നൽകി.

ബാങ്കില്‍ നിക്ഷേപമായെത്തിയ 10.5 കോടി രൂപയും ഒരുകോടി രൂപ വിലവരുന്ന പണയസ്വർണവുമാണ് മുസ്‌ലിം ലീ​ഗിന്റെ സജീവപ്രവര്‍ത്തകനായ ബാങ്ക് സെക്രട്ടറി തട്ടിയെടുത്തത്. രണ്ടാഴ്ചയായി സെക്രട്ടറി ബാങ്കിൽ എത്തിയിരുന്നില്ല. ഒരാഴ്ചയായി ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളും തടസപ്പെട്ടു. നിക്ഷേപകർക്ക് പണം ലഭിക്കാതായതോടെ ചിലർ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. മൂന്നുവർഷമായി സെക്രട്ടറി ക്രമക്കേട് നടത്തുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. തട്ടിപ്പ് വിവരമറിഞ്ഞ് നിക്ഷേപം പിന്‍വലിക്കാനും നിരവധിയാളുകളെത്തുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കകം പണം നല്‍കുമെന്നാണ് ഇവരോട് പറയുന്നത്.

മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയുടെ കീഴിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മൂന്നുവർഷമായുള്ള ഭരണസമിതിയില്‍ ലീഗ് പ്രാദേശിക നേതാവാണ് പ്രസിഡന്റ്. ലീഗിന്റെ ഏഴും കോൺഗ്രസിന്റെ നാലും അംഗങ്ങളുണ്ട്. ബാങ്ക് തട്ടിപ്പിനെതിരെ ലഭിച്ച പരാതി പരിശോധിക്കുകയാണെന്ന് കൊണ്ടോട്ടി ഇൻസ്പെക്ടർ ഷെമീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *