പാഞ്ഞെത്തിയ ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു
ദിസ്പൂര്‍: അസമില്‍ ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ മൊറിഗാവോണ്‍ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്ന കാട്ടാനയെ സില്‍ച്ചര്‍ ബൗണ്ട് കാഞ്ചന്‍ജംഗ എക്‌സ്പ്രസ്സ് ആണ് ഇടിച്ചു വീഴ്ത്തിയത്. കൊമ്പനാനയാണ് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്. ആനയെ കണ്ട് ഹോണ്‍ മുഴക്കിയെങ്കിലും ട്രാക്കില്‍ നിന്നും ആന മാറിയില്ല. ഇതോടെ വേഗതയിലെത്തിയ ട്രെയിന്‍ കാട്ടനയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടികൊണ്ട് തെറിച്ച് വീണ ആന എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുന്നതിന്റെയും, ശേഷം ചെരിഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നു. പരിക്കേറ്റ് ശരീരത്ത് മുറിവേറ്റെങ്കിലും ആന ട്രാക്കില്‍ നിന്നും എഴുനേറ്റ് മാറാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ മുന്നോട്ട് നടക്കാനാവാതെ ആന ട്രാക്കിനടുത്ത് തന്നെ ചരിയുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ അപകട ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.