ക്ഷേത്രത്തിലെജാതി വിവേചനം
കേരളത്തിന്റെ സ്വന്തം നാടായ, നൂറുശതമാനം സാക്ഷരതയുള്ള, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാളേറെ വികസനമുള്ള, ലോകനിലവാരത്തില്‍ ഉയര്‍ന്ന ചിന്താഗതിയുള്ള കേരളത്തിലും ജാതിവിവേചനമോ എന്ന ചോദ്യം മിക്കവരുടെയും നെറ്റി ചുളിപ്പിക്കും. ഇതൊക്കെ അങ്ങ് വടക്കേ ഇന്ത്യയിലോ ചിലപ്പോള്‍ അയല്‍ സംസ്ഥാനങ്ങളിലുമൊക്കെ കാണും, കേരളം എല്ലാക്കാര്യത്തിലും നമ്പര്‍ വണ്‍ ആണെന്ന് വീമ്പുപറയുന്നതിനിടെയാണ് കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ ഒന്നായ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ പുതുതായി ഒരു നിയമനം ഉണ്ടാകുന്നതും അതില്‍ പ്രതിഷേധിച്ച് തന്ത്രിമാരും പാരമ്പര്യ കഴകവിഭാഗക്കാരും പണിമുടക്ക് അടക്കമുള്ള പ്രതിഷേധ നടപടികളുമായും രംഗത്തെത്തിയ വാര്‍ത്ത പുറത്തുവരുന്നത്. ആരാധനാലയങ്ങളില്‍ പണിമുടക്കമോ എന്ന ചോദ്യത്തിന് അര്‍ത്ഥമുണ്ടോ എന്നറിയില്ലെങ്കിലും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രിമാര്‍ പൂജമുടക്കി മാരിനില്‍ക്കുന്ന അവസ്ഥ തന്നെയുണ്ടായി. ഇതിന്റെ പാപം പണിമുടക്കിയവര്‍ക്ക് തന്നെ കിട്ടട്ടെ എന്ന് മനുഷ്യത്വമുള്ള വിശ്വാസികള്‍ അവിടെയെത്തി പ്രാര്‍ത്ഥിക്കുക തന്നെ വേണം.
ജാതിയുടെ പേരില്‍ ആക്ഷേപിക്കുന്നതും തൊഴില്‍രംഗത്ത് മാറ്റിനിര്‍ത്തുന്നതും ക്രിമിനല്‍ കുറ്റമാണ് നമ്മുടെ രാജ്യത്ത്. ഒരാളുടെ ജാതി പറഞ്ഞ് അയാള്‍ക്ക് അപമാനകരമായ വിധത്തില്‍ സംസാരിച്ചാല്‍ തന്നെ ശിക്ഷിക്കപ്പെടാന്‍ വകുപ്പും ചട്ടവുമുണ്ട്. സ്വാതന്ത്ര്യം നേടിയതിന് ശേഷം ഭരണഘടന രൂപപ്പെടുകയും അതനുശാസിക്കുന്ന വിധത്തില്‍ ഭരണക്രമവും പൗരാവകാശങ്ങളും യാഥാര്‍ത്ഥ്യമാകുകയും ചെയ്ത നമ്മുടെ രാജ്യത്ത് ജാതി എന്ന ദുര്‍ഭൂതം ഇന്നും അതിന്റെ എല്ലാവിധ ബീഭത്സമായ മുഖത്തോടും നിലനില്‍ക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും അത് ക്രിമിനല്‍ കുറ്റം തന്നെയാണ്. ജാതിയുടെ പേരില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ മുഖ്യധാരാ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നുണ്ടെങ്കിലും ഒട്ടേറെപ്പേര്‍ പീഡനത്തിനും ആക്രമണത്തിനും കൊലയ്ക്കും ഇരയാകുന്നുണ്ടെങ്കിലും ഈ ജനാധിപത്യ രാജ്യത്തിന് അതിനെതിരെ പ്രതികരിക്കാനും പൊരുതാനും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും ഭരണഘടനാനുസൃതമായ ഭരണസംവിധാനങ്ങള്‍ ഉണ്ട്. അതിന് ചുമതലപ്പെട്ടവരുമുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഭരണച്ചുമതലയിലുള്ള ഒരു ആരാധനാ സ്ഥാപനത്തില്‍, സര്‍ക്കാരിന്റെ തന്നെ റിക്രൂട്ട്മെന്റ് സംവിധാനം ജോലിക്കായി തെരഞ്ഞെടുത്ത് നിയമിച്ച ഒരാള്‍ക്കെതിരെ ജീതിയുടെ പേരില്‍ വിവേചനം ഉണ്ടായാല്‍ അതിനെതിരെ ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ക്രിമിനല്‍ കുറ്റം ചുമത്തി നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. അതിന് അനുരഞ്ജന ചര്‍ച്ചകളുടെയോ ഒത്തുതീര്‍പ്പുകളുടെയോ ആവശ്യമില്ല. മാറിനില്‍ക്കുന്നവരെ എന്നെന്നേക്കുമായി മാറ്റിനിര്‍ത്താനുള്ള നടപടികളാണ് വേണ്ടത്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം എന്ന ആക്ഷേപത്തിന് ഇരയായത് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴകം പ്രവര്‍ത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവാണ്. ഇയാള്‍ ഈഴവ സമുദായത്തില്‍പ്പെട്ട ആളായതിന്റെ പേരിലാണ് തന്ത്രിമാരും പാരമ്പര്യക്ഷേത്രം കഴകക്കാരായ വാര്യര്‍മാരും പ്രതിഷേധം ഉയര്‍ത്തിയത്. കഴിഞ്ഞ മാസം 24നാണ് ബാലു ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക പ്രവൃത്തിക്കാരനായി ചുമതലയേറ്റത്. ഈഴവസമുദായക്കാരനായ ഇയാളെ കഴകപ്രവര്‍ത്തിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് തന്ത്രിമാരും വാര്യര്‍ സമാജവും ആവശ്യപ്പെട്ടു. തുടര്‍ന്ന് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കായി ചുമതലപ്പെട്ട ആറ് തന്ത്രികുടുംബ അംഗങ്ങള്‍ ക്ഷേത്രത്തിലെ പൂജാച്ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇത് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തി. അക്ഷരാര്‍ത്ഥത്തില്‍ പണിമുടക്ക് തന്നെയാണ് നടന്നിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റിതര തൊഴില്‍മേഖലകളുലും നടക്കുന്നതിന് സമാനമായ വിധത്തിലാണ് തന്ത്രിമാരുടെ പണിമുടക്കും അരങ്ങേറിയതെന്നാണ് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്. നിലവില്‍ സര്‍ക്കാരിന്റെ ഭരണച്ചുമതലയിലുള്ള ക്ഷേത്രത്തിലെ തന്ത്രിമാരും അവിടുത്തെ ജീവനക്കാര്‍ തന്നെയാണ്. സാങ്കേതികമായി തന്നെ ഇവര്‍ അനുമതിയോ നോട്ടീസോ കൂടാതെ പണിമുടക്കുന്നത് സര്‍ക്കാര്‍ ചട്ടമനുസരിച്ച് നിയമവിരുദ്ധവുമാണ്. ആ വകുപ്പിലും തന്ത്രിമാര്‍ക്കെതിരെ ഭരണച്ചുമതലയുള്ളവര്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണ്.
ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കേണ്ടതിനാല്‍ കഴിഞ്ഞ ഏഴാംതീയതി ഭരണസമിതി അനുരഞ്ജന ചര്‍ച്ച വിളിച്ച് തന്ത്രിമാരുടെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന വാര്യര്‍ സമാജത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഈഴവസമുദായാംഗമായ യുവാവിനെ ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിന്ന് ഓഫീസ് ജോലികളിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ നിയമിച്ച ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്കും അനുരഞ്ജന ചര്‍ച്ചകള്‍ക്കും കഴിയുമെങ്കില്‍ അത് ഇനി പലയിടങ്ങളിലും ആവര്‍ത്തിക്കുമെന്നാണല്ലോ അര്‍ത്ഥം. വാസ്തവത്തില്‍ ഈ നടപടി തന്നെ നിയമവിരുദ്ധമാണ്, കടുത്ത അവഹേളനമാണ്, ജാതി ആക്ഷേപവുമാണ്. അതിനാല്‍ ജോലി മാറ്റാന്‍ തീരുമാനമെടുത്ത ഭരണസമിതി അംഗങ്ങളും തന്ത്രിമാരെപ്പോലെയും അവര്‍ക്ക് പിന്തുണകൊടുക്കുന്നവരെപ്പോലെയും കുറ്റക്കാര്‍ തന്നെയാണ്.
കഴകം ജോലിയില്‍ നിന്ന് മാറ്റിയതിനെ തുടര്‍ന്ന് ബാലു അവധിയില്‍ പ്രവേശിച്ചു. ഇത് വാര്‍ത്തയായതോടെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ പൂര്‍ത്തിയായതിനുശേഷം ബാലുവിനെ കഴകം ജോലിയിലേക്ക് പുനഃസ്ഥാപിക്കുമെന്ന് ഭരണസമിതി ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിട്ടുണ്ട്. അതുതന്നെ കടുത്ത വിവേചനമാണ്. തന്ത്രിമാര്‍ തുടങ്ങിവച്ച വിവേചനം, ഭരണസമിതി തുടരുന്നുവെന്നാണ് അതിനര്‍ത്ഥം. ഇത് ജനാധിപത്യസമൂഹമാണ്, ഇവിടെ മന്ത്രിക്കും തന്ത്രിക്കും സാധാരണക്കാര്‍ക്കും എല്ലാം ഒരേ അവകാശമാണുള്ളത്. ഒരേ നിയമത്തിന്റെ കീഴിലാണ് എല്ലാവരും തമ്പുരാക്കന്മാരൊക്കെ രാജഭരണകാലത്തെ സൃഷ്ടികളാണ് അതിന്റെ മാറാപ്പുകള്‍ ചുമന്നുനടക്കുന്നവര്‍ ഇപ്പോഴുമുണ്ട്. അവരുടെ ഉള്ളില്‍ ജാതിയും നിറവുമൊക്കെയുണ്ട്. എന്നാല്‍ നീതി അവരോടൊപ്പമല്ല എന്ന് വ്യക്തമായി ഇക്കൂട്ടര്‍ അറിയുക തന്നെ വേണം. ജാതിയുടെ പേരില്‍ വിവേചനം നേരിടുന്ന ചെറുപ്പക്കാരന് നീതി ലഭ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. ഭരണസംവിധാനങ്ങളും നീതിന്യായസംവിധാനങ്ങളും ഇതില്‍ ഇടപെടുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും വേണം.